ആൻ മരിയക്കായി കൈകോർത്തത് 3 സംസ്ഥാനങ്ങൾ , ഏഴുമണിക്കൂറിൽ പിന്നിട്ടത് 550 കിലോമീറ്റർ


(തമിഴ്നാട്ടിൽ ആൻ മരിയയും വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് വഴിയൊരുക്കുന്ന തമിഴ്നാട് എമർജൻസി ആബുലൻസ് എക്സ്കോർട്ട് ഗ്രൂപ്പ് പ്രവർത്തകർ)

ബാംഗ്ലൂർ : അമൃത ആശുപത്രിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ആൻ മരിയയെ ഷിഫ്റ്റ് ചെയ്തത് വെറും ഏഴുമണിക്കൂർ കൊണ്ട് …മണ്ഡ്യ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സമാരിറ്റാൻ പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ആൻ മരിയായെ അമൃത ഹോസ്പിറ്റലിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്തിക്കുവാൻ സാധിച്ചത് . മൂന്ന് സംസ്ഥാനങ്ങളിലായി 550 കിലോമീറ്റർ ദേശീയപാതയിലൂടെ ആൻ മരിയയെ ബാംഗ്ലൂരിലേക്ക് എത്തിക്കുക എന്നത് വലിയ ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു . എന്നാൽ സമാരിറ്റൻ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും വിവിധ പോലീസ് സേനയെയും ചേർത്തുനിർത്തിക്കൊണ്ട് നടത്തിയ പരിശ്രമങ്ങളാണ് ഈ സ്നേഹത്തിൻറെ ഇടനാഴി തുറന്നു നൽകിയത് .
ഡിസംബർ ഏഴാം തീയതി വൈകുന്നേരം 9 മണിയോടുകൂടി അമൃത ഹോസ്പിറ്റലിൽ നിന്നും പുറപ്പെട്ട ആൻ മരിയയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എട്ടാം തീയതി പുലർച്ചെ നാലുമണിയോടുകൂടി ബാംഗ്ലൂരിലെ കമാൻഡോ ഹോസ്പിറ്റലിൽ എത്തിച്ചേരുകയായിരുന്നു . കേരളത്തിലെ തിരക്കുള്ള ജംഗ്ഷനുകളിൽ കേരള എമർജൻസി ഷിഫ്റ്റിംഗ് ഗ്രൂപ്പും വിവിധ യുവജന സംഘടനകളും പോലീസും ചേർന്ന് ആൻ മരിയ്ക്കായി വഴിയൊരുക്കി…തമിഴ്നാട്ടിൽ തമിഴ്നാട് ഹൈവേ പോലീസും തമിഴ്നാട് എമർജൻസി ആബുലൻസ് എക്സ്കോർട്ട് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ആൻ മരിയയുടെ ആംബുലൻസിനെ അനുഗമിച്ചുകൊണ്ട് പ്രധാന ജംഗ്ഷനുകളിൽ എല്ലാം ട്രാഫിക് രഹിത ഇടനാഴി ഒരുക്കി നൽകി…കർണാടകത്തിൽ സമാരിറ്റൻ പ്രവർത്തകർ അൻ മരിയയുടെ വാഹനം കടന്നുപോകുന്ന ആവശ്യമായ സാഹചര്യം ഒരുക്കി കൊടുത്തു.

അത്യാഹിത സമയങ്ങളിൽ അതിവേഗത്തിൽ സഹായകമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സീറോ മലബാർ സഭയുടെ മണ്ഡ്യ രൂപതയുടെ കീഴിലുള്ള സമാരിറ്റിൻ പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളുടെ വിജയമാണ് ഈ കുറഞ്ഞ സമയത്തിൽ മൂന്ന് സംസ്ഥാനങ്ങൾ പിന്നിട്ട് ആൻ മരിയയെ ബാംഗ്ലൂരിൽ എത്തിക്കുവാൻ സാധിച്ചത് .
യാത്രയിലുടനീളം ഏത് സാഹചര്യത്തെയും നേരിടാൻ തക്കവിധം സംവിധാനങ്ങൾ ഒരുക്കിയിരുന്നു . രാത്രി 9 മണി മുതൽ ആൻ മരിയ ബാംഗ്ലൂരിൽ എത്തുന്നത് വരെ സമാരിറ്റൻ പ്രവർത്തകർ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകി .

മണ്ഡ്യ രൂപത അതിർത്തിക്കുള്ളിൽ സഹായം എത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പ്രസ്ഥാനം ഇന്ന് അതിർവരമ്പുകൾ ഇല്ലാതെ മണ്ഡ്യ രൂപതയിലെ അംഗങ്ങൾക്ക് ലോകത്തിൻറെ നാനാ ഭാഗങ്ങളിൽ സഹായങ്ങൾ ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് .